Map Graph

വാത്തിക്കുടി ഗ്രാമപഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഗ്രാമ പഞ്ചായത്ത്

ഇടുക്കി ജില്ലയിലെ ഇടുക്കി താലൂക്കിൽ ഇടുക്കി ബ്ളോക്ക് പരിധിയിൽ വാത്തിക്കുടി, ഉപ്പുതോട് എന്നീ വില്ലേജുകൾ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് വാത്തിക്കുടി ഗ്രാമപഞ്ചായത്ത്. 80.90 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിൻറെ അതിരുകൾ കിഴക്ക് നെടുങ്കണ്ടം, ഇരട്ടയാർ ഗ്രാമപഞ്ചായത്തുകൾ, പടിഞ്ഞാറ് ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്, തെക്ക് കാമാക്ഷി, മരിയാപുരം ഗ്രാമപഞ്ചായത്തുകൾ, വടക്ക് കൊന്നത്തടി ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 1953-ൽ കൊന്നത്തടി, വാത്തിക്കുടി എന്നീ പ്രദേശങ്ങൾ അവിഭക്ത കോട്ടയം ജില്ലയിലെ ഉടുമ്പൻചോല പഞ്ചായത്തിൻറെ 2-ാം വാർഡായിരുന്നു. വാത്തിക്കുടി വൈവിദ്ധ്യ സംസ്കാരത്തിന്റെ സങ്കലനഭൂമിയാണ്. ഇവിടത്തെ ഭൂരിഭാഗം ആളുകളും മീനച്ചിൽ, തൊടുപുഴ, കോതമംഗലം, കാഞ്ഞിരപ്പള്ളി താലൂക്കുകളിൽ നിന്നും 1950-60 കളിൽ കുടിയേറിയ കർഷകരാണ്. ജാതിയ്ക്കും മതത്തിനും വർഗ്ഗത്തിനും അപ്പുറമായി വിശപ്പിൻറെ വിളിയിൽ ഒരുമിച്ചു നിന്ന് നിലനിൽപ്പിനായി പോരാടിയ ഒരു ജനതയാണ് വാത്തിക്കുടിയിലുള്ളത്. ഗോത്രസംസ്ക്കാരത്തിൽ മികച്ച പൈതൃകം അവകാശപ്പെടാവുന്ന പ്രദേശങ്ങളിൽ ഒന്നാണ് വാത്തിക്കുടി. ഹിന്ദു, ക്രിസ്ത്യൻ, മുസ്ളീം വിഭാഗങ്ങൾ ഇടകലർന്നു ജീവിക്കുന്ന ഒരു പ്രദേശമാണ് ഇത്. പശ്ചിമഘട്ടത്തിൽ ആനമുടിക്ക് തെക്കു പടിഞ്ഞാറായി കിടക്കുന്ന കുന്നും മലകളും പാറക്കെട്ടുകളും താഴ്വരകളും പുഴയോരങ്ങളും ഉൾക്കൊള്ളുന്ന ഈ പഞ്ചായത്തിൻറെ വടക്കേ അതിർത്തിയിൽ കൂടി കിഴക്കു നിന്നും പടിഞ്ഞാറോട്ടു ചിന്നാർ പുഴ ഒഴുകുന്നു. സമുദ്ര നിരപ്പിൽ നിന്നും 1050 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പഞ്ചായത്തിൻറെ പടിഞ്ഞാറുഭാഗം പെരിയാർ നദിയും തെക്കുഭാഗം ഉപ്പുതോട് തോടും കിഴക്കു ഭാഗം നെടുങ്കണ്ടം, ഇരട്ടയാർ ഗ്രാമപഞ്ചായത്തുകളുടെ അതിർത്തിയോടനുബന്ധിച്ചുള്ള മലയോര പാതകളുമാണ്. മേലേ ചിന്നാർ, ബഥേൽ, ചെമ്പകപ്പാറ, ചിന്നാർ, പെരിയാർവാലി എന്നീ പ്രദേശങ്ങൾ ചിന്നാർ പുഴയുടെ തീരദേശങ്ങളിൽ സ്ഥിതി ചെയ്യുന്നു. ഇവ പൊതുവെ ഫലഭൂയിഷ്ഠമായതും താഴ്ന്നതുമായ പ്രദേശങ്ങളാണ്. വൈവിധ്യമാർന്ന ജൈവസമ്പത്തുകൊണ്ട് അനുഗൃഹീതമായിരുന്നു കുടിയേറ്റകാലയളവിൽ ഈ പ്രദേശം. ഏലക്കാടുകളും മരക്കാടുകളും പുൽമേടുകളും അന്നത്തെ പ്രത്യേകതകളായിരുന്നു. ഈട്ടി, തേക്ക്, ആഞ്ഞിലി, വെൺതേക്ക്, മരുത്, ഇലവ്, പുന്നപ്പ, ചേല കമ്പകം, പത്രി തുടങ്ങിയ വൃക്ഷങ്ങൾ കൊണ്ടും അപൂർവ്വ പുൽമേടുകൾ കൊണ്ടും നിറഞ്ഞതായിരുന്നു ഈ മേഖല. അതുപോലെ കാട്ടുപോത്ത്, ആന, കരടി, മുള്ളൻപന്നി, കാട്ടുപന്നി, കേഴ, മ്ളാവ്, കരിമന്തി, വെള്ളകുരങ്ങ്, ഉടുമ്പ്, മലമ്പാമ്പ്, മുയൽ, കൂരൻ, വെരുക്, കാട്ടുമാക്കൻ, മരപ്പട്ടി, മലയണ്ണാൻ, ആമ, ഈനാംപേച്ചി എന്നീ മൃഗങ്ങളും പുകവിഴുങ്ങി പക്ഷി, മൈന, തത്ത, പ്രാവ്, പാറയാത്തൻ എന്നീ പക്ഷികൾ കൊണ്ടും സമൃദ്ധമായിരുന്നു ഈ പ്രദേശം.

Read article